മുംബൈ: ഇന്ത്യയിലെ പേമെന്റ് വ്യവസ്ഥ സമീപ വർഷങ്ങളിൽ ശ്രദ്ധേയമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. എണ്ണത്തിന്റെ കാര്യത്തിൽ പേയ്മെന്റ് ഇടപാടുകൾ 2019 കലണ്ടർ വർഷത്തിലെ 3248 കോടിയിൽനിന്ന് 2024 കലണ്ടർ വർഷത്തിൽ 20,849 കോടിയായി ഉയർന്നു. മൂല്യത്തിന്റെ കാര്യത്തിൽ ഈ കാലയളവിൽ 1775 ലക്ഷം കോടി രൂപയിൽനിന്ന് 2830 ലക്ഷം കോടി രൂപയായതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പേമെന്റ് സിസ്റ്റംസ് റിപ്പോർട്ട് പറയുന്നു.
2019ൽ മൊത്തം പേമെന്റ് ഇടപാടുകളുടെ എണ്ണത്തിൽ ഏകദേശം 96.7 ശതമാനവും മൂല്യത്തിൽ 95.5 ശതമാനവും ഡിജിറ്റൽ പേമെന്റുകളായിരുന്നു. 2024ൽ ഈ കണക്കുകൾ എണ്ണത്തിൽ 99.7 ശതമാനമായും മൂല്യത്തിൽ 97.5 ശതമാനമായും ഉയർന്നു. ഈ വളർച്ച 2025ലും തുടർന്നു.
2025 ലെ ആദ്യ ആറ് മാസങ്ങളിലെ മൊത്തം പേമെന്റ് ഇടപാടുകളുടെ 99.8 ശതമാനം ഡിജിറ്റൽ പേമെന്റുകളാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തുവിട്ട ഡാറ്റ പ്രകാരം, ഈ കാലയളവിലെ മൊത്തം പേയ്മെന്റ് ഇടപാട് മൂല്യത്തിന്റെ 97.7% ഡിജിറ്റൽ പേമെന്റുകളാണ്. 2025 ജൂണ് അവസാനത്തോടെയുള്ള ആറു മാസത്തെ ഇടപാടുകളുടെ എണ്ണം 12,549 കോടിയായിരുന്നു. ഈ കാലയളവിൽ മൊത്തം പേയ്മെന്റുകൾ 1,572 ലക്ഷം കോടി രൂപയുടേതും. അതിൽ ഡിജിറ്റൽ പേമെന്റുകളിലൂടെയുള്ളത് 1536 കോടി ലക്ഷം കോടിയും.
യുപിഐയും ആർടിജിഎസും
2025ലെ ആദ്യ ആറു മാസങ്ങളിൽ ഇടപാടുകളുടെ എണ്ണത്തിൽ 85 ശതമാനം വിഹിതം യുപിഐക്കായിരുന്നു. അതേ സമയം മൂല്യത്തിൽ ഒന്പത് ശതമാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എണ്ണത്തിൽ 10,637 കോടിയും മൂല്യത്തിൽ 143.3 ലക്ഷം കോടി രൂപയുടെ ഇടപാടുകളുമാണ് നടന്നത്.
റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്) സംവിധാനം മൂല്യത്തിൽ 69 ശതമാനം വിഹിതത്തോടെ ഏറ്റവും വലിയ പങ്ക് രേഖപ്പെടുത്തി. എന്നാൽ ഇടപാടുകളുടെ എണ്ണത്തിൽ ഇതിന് 0.1 ശതമാനമെന്ന ഏറ്റവും കുറഞ്ഞ വിഹിതമേ ഉണ്ടായിരുന്നുള്ളൂ. ആർടിജിഎസ് രേഖപ്പെടുത്തിയ 16.1 കോടി ഇടപാടുകളിൽ കൈമാറിയത് 1079.2 ലക്ഷം കോടി രൂപയും. യുപിഐ ചെറിയ ഇടപാടുകൾ കൈകാര്യം ചെയ്യുന്പോൾ, ആർടിജിഎസിന്റെ കുറഞ്ഞ പരിധി രണ്ടു ലക്ഷം രൂപവരെയുള്ള ഇടപാടുകളാണ്.
ആർബിഐയുടെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ ദശകത്തിൽ ഡിജിറ്റൽ ഇടപാടുകളുടെ എണ്ണത്തിൽ 38 മടങ്ങും മൂല്യത്തിൽ മൂന്നു മടങ്ങലധികവും വർധനവ് രേഖപ്പെടുത്തി.
2025ലെ ആദ്യ ആറു മാസം എൻഇഎഫ്ടി 490.5 കോടി ഇടപാടുകളിൽ 237 ലക്ഷം കോടി രൂപയുടെ കൈമാറ്റമാണ് നടത്തിയത്. ക്രെഡിറ്റ് കാർഡ്, പ്രീപെയ്ഡ് പേയ്മെന്റ് ഇൻസ്ട്രുമെന്റ് (പിപിഐ), നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസ് (എൻഎസിഎച്ച്), ഇമ്മീഡിയറ്റ് പേയ്മെന്റ് സർവീസ് (ഐഎംപിഎസ്) ഇടപാടുകളിലും വളർച്ചയുണ്ടായി. എന്നാൽ 2019 മുതൽ ഡെബിറ്റ് കാർഡുകളുടെ മൊത്തത്തിലുള്ള ഇടപാടുകളിൽ താഴ്ചയാണുണ്ടായത്.